കണ്ണൂർ: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ല കലക്ടര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, െറസിഡന്‍സ് അസോസിയേഷനുകള്‍, മറ്റു കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ആളുകള്‍ കൂടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ജില്ലയിൽ വായനശാലകളില്‍ ഇരുന്നുകൊണ്ടുള്ള വായന അനുവദിക്കില്ല. ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ നല്കുന്ന അവസരങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികളെ ലൈബ്രറിക്കുള്ളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. പുസ്തക വിതരണ വേളകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതും കൈകള്‍ അണുമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്.
ക്ലബുകള്‍, െറസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവ നടത്തുന്ന പ്രതിമാസ യോഗങ്ങള്‍ ഒഴിവാക്കണം. യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം. പ്രതിമാസ ചിട്ടികള്‍, മറ്റു രീതിയിലുള്ള ധന സമാഹരണ പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിമിതമായ വ്യക്തികളെ പങ്കെടുപ്പിച്ച് മാത്രം നടത്തണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.